IM Vijayan - Football

I m Vijayan

ഐ.എം. വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ. ഇന്ത്യൻ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ്. കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാ‍ജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി. പ്രധാനമായും മുന്നേറ്റ നിരയിൽ കളിച്ചിരുന്ന വിജയൻ മിഡ്‌ഫീൽഡറായും തിളങ്ങിയിട്ടുണ്ട്. 1969 ഏപ്രിൽ 25-ന് തൃശൂരിലാണ് വിജയൻ ജനിച്ചത്.

 

ഫുട്ബോൾ കളത്തിലെ അസാമാന്യ പ്രകടനം വിജയന്റെ ജീവിതരേഖ മാറ്റിവരച്ചു. പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്ബോൾ ടീ‍മിൽ അംഗമായി. ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി പൊലീസ് ടീം ഇന്ത്യൻ ഫുട്ബോളിൽ വൻശക്തിയായിരുന്ന കാലമായിരുന്നു അത്. പൊലീസിൽ ജോലി നൽകാൻ വിജയനുവേണ്ടി കേരള സർക്കാർ ഔദ്യോഗിക നിയമങ്ങളിൽ ഇളവു വരുത്തിയിരുന്നു. പൊലീസ് ടീമിലെത്തി നാലാം വർഷം കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാൻ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മിൽ‌സ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്.

 

1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ നേടി. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്കോറർ ആയി.

 

വിജയന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമാണ് കാലാഹിരൺ. ഇതിനുശേഷം ചലച്ചിത്രാഭിനയരംഗത്തേക്കും വിജയന് പ്രവേശിച്ചു‍. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു വിജയന്റെ ചലച്ചിത്രപ്രവേശം. തുടർന്ന് നവാഗതനായ വിനോദ് സം‌വിധാനം ചെയ്ത കൊട്ടേഷൻ എന്ന ചിത്രത്തിലും അഭിനയിച്ചു.

 

കായിക താരങ്ങൾക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അർജ്ജുന അവാർഡ് 2003ൽ വിജയനെത്തേടിയെത്തി.

C. V. Pappachan - Football

cv pappchan

തൃശൂർ ജില്ലയിലെ പറപ്പൂരില്‌ ജനിച്ച പാപ്പച്ചൻ പ്രൊഫഷണൽ ഫുട്ബാൾ രംഗത്തേക്ക് കടന്നുവന്നത് 1982 ലാണ്. കേരള പോലീസ് ഫുട്ബോൾ ടീമിൽ 1982-1998 കാലഘട്ടത്തിൽ കളിച്ചു. ഇതിനു ശേഷം 1998-99 കാലഘട്ടത്തിൽ എഫ്.സി.കൊച്ചിനു വേണ്ടി കളിച്ചു. കേരള പോലീസ്, കേരള സംസ്ഥാന ഫുട്ബോൾ ടീം, ഇന്ത്യൻ ഫുട്ബോൾ ടീം എന്നീ ടീമുകളിൽ ക്യാപ്റ്റൻ ആയിട്ടുണ്ട്. 1987 ൽ കോഴിക്കോട് നടന്ന നെഹ്രു കപ്പ് അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ്, 1991 ൽ തിരുവനന്തപുരത്ത് നടന്ന നെഹ്രു കപ്പ് എന്നിവയിൽ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു.

 

1993 ൽ എറണാകുളത്ത് നടന്ന സന്തോഷ് ട്രോഫി മത്സരത്തിന്റെ ഫൈനലിൽ കേരളത്തിന്റെ വിജയ ഗോൾ നേടിയത് പാപ്പച്ചനായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ അപ്രതീക്ഷിതമായ ഒരു കോണിൽ നിന്നും പാപ്പച്ചൻ നേടിയ ആ ഗോൾ അദ്ദേഹത്തിന്റെ അവിസ്മരണീയമായ ഗോളായി ആരാധകർ മനസ്സിൽ സൂക്ഷിക്കുന്നു. അന്ന് കേരളം മഹാരഷ്ട്രയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി രണ്ടാം തവണ സന്തോഷ് ട്രോഫി നേടി.

Jimmy George - Vollyball

Jimmy George

1955 മാർച്ച് 8-നു ജോർജ്ജ് ജോസഫിന്റെയും മേരി ജോർജ്ജിന്റെയും മകനായി കണ്ണൂർ ജില്ലയിലെ പേരാവൂർ എന്ന ഗ്രാമത്തിൽ ജിമ്മി ജോർജ്ജ് ജനിച്ചു. ജിമ്മി ജോർജ്ജിനും സഹോദരന്മാർക്കും വോളീബോളിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചു കൊടുത്തത് പിതാവായിരുന്നു.

 

വോളീബോളിൽ ലോകത്തിലെ 80-കളിലെ പത്തു മികച്ച അറ്റാക്കർ‍മാരിൽ ഒരാളായി ജിമ്മി ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ ക്ലബ് വോളി ബാൾ കളിച്ച ജിമ്മി ജോർജ്ജ് തന്റെ ജീവിതകാലത്തുതന്നെ ഒരു ഇതിഹാസമായി മാറി. ഒരു കാർ അപകടത്തിൽ ഇറ്റലിയിൽ വെച്ച് ജിമ്മി ജോർജ്ജ് 1987 നവംബർ 30-നു കൊല്ലപ്പെട്ടു. ഇന്ത്യയുടെ ദേശീയ വോളിബോൾ ടീമിൽ അംഗമായിരുന്ന ജിമ്മി വിവിധ ഏഷ്യൻ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1986 ലെ ഏഷ്യാഡിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അദ്ദേഹം അംഗമായിരുന്നു.ഇന്ത്യയിലെ ഒരു സ്പോർട്ട്സ് താരത്തിനു ലഭിക്കുന്ന എല്ലാ പ്രധാന ബഹുമതികളും ജിമ്മി ജോർജ്ജിനു ലഭിച്ചു. അർജുന അവാർഡും ഇതിൽ ഉൾപ്പെടും. 21-ആം വയസ്സിൽ അർജുന അവാർഡ് നേടുമ്പോൾ ഈ അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ്.

P. T. Usha - Athlete

PT USHA

കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ 1964 ജൂൺ 27-ന് ജനിച്ചു. അച്ഛൻ പൈതൽ, അമ്മ ലക്ഷ്മി. പ്രാഥമിക വിദ്യാഭ്യാസം തൃക്കോട്ടൂർ സ്കൂളിൽ ആയിരുന്നു. അതിനു ശേഷം കണ്ണൂരിലെ‍ സ്പോർട്സ് ഡിവിഷൻ സ്കൂളിൽ ചേർന്നു. ഒ.എം. നമ്പ്യാർ ആയിരുന്നു ഉഷയുടെ ആദ്യത്തെ കോച്ച്.

 

ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരമായിരുന്നു പി.ടി. ഉഷ അഥവാ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984-ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും ഉഷ കരസ്ഥമാക്കി 2000-ൽ അന്താരാഷ്മത്സരങ്ങളിൽ നിന്ന് ഇന്ത്യയുടെ വിരമിച്ചു. ഇപ്പോൾ വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു.

 

1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല.

 

1977 ൽ കോട്ടയത്ത് നടന്ന കായികമേളയിൽ ദേശീയ റിക്കാർഡ് നേടി.1980 ൽ കറാച്ചിയിൽ നടന്ന പതിനെട്ടാമത് പാകിസ്താൻ നാഷണൽ ഗെയിംസിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. മോസ്കോ ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്സിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി. ഉഷയ്ക്ക് അന്ന് 16 വയസ്സ് ആയിരുന്നു. 1982 ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ ആദ്യത്തെ മെഡൽ നേടിയ വ്യക്തി ആയി. 1983 ൽ കുവൈറ്റിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലാണ് ഉഷ ആദ്യമായിട്ട് 400 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്നത്. 1984-ൽ ലോസ് ആഞ്ചൽസിൽ ഒളിമ്പിക്സിൽ അവസാനഘട്ടമത്സരത്തിലെത്തുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തി ആയി. 400 മീറ്റർ ഹർഡിൽസിൽ 55.42ൽ ഫിനിഷ് ചെയ്ത് നാലാമതെത്തി. തലനാരിഴക്കാണ്‌ വെങ്കലമെഡൽ നഷ്ടമായത്. ഇന്ത്യൻ അത്‌ലറ്റിക് ചരിത്രത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന നിമിഷമായി രേഖപ്പെടുത്തുന്നത് ഉഷയുടെ ഈ മെഡൽ നഷ്ടംതന്നെയാണ് .

 

ലോസ് ആഞ്ചലസിലെ പ്രകടനം ഉഷയെ കൂട്ടിക്കൊണ്ടുപോയത് നിരവധി യൂറോപ്യൻ ഗ്രാന്ഡ് പ്രീ മീറ്റുകളിലേക്കാണ്. വിവിധ യൂറോപ്യൻ മീറ്റുകളിലായി നാലു വെള്ളിയും അഞ്ച് വെങ്കലവും ഉഷയുടെ സമ്പാദ്യത്തിലുണ്ട് .ജക്കാർത്തയിൽ 1985 ൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 5 സ്വർണമെഡലും ഒരു ബ്രോൺസ് മെഡലും നേടി. 1986 ൽ ഏഷ്യൻ ഗെയിംസിൽ 4 സ്വർണമെഡൽ നേടി. 1992 ൽ ബാഴ്സലോണ ഒളിമ്പിക്സ് ഒഴിച്ച് 1980 മുതൽ 1996 വരെ എല്ലാ ഒളിമ്പിക്സ് മത്സരത്തിലും പങ്കെടുത്തു.

Sreesanth - Cricket

Sreesanth

1983 ഫെബ്രുവരി 6-ന് എറണാകുളം ജില്ലയിലെ കോതമംഗലത്ത് ശാന്തകുമാരൻ നായരുടെയും സാവിത്രി ദേവിയുടെയും മകനായി ജനിച്ചു. പിൽക്കാലത്ത് ശ്രീശാന്തിന്റെ കുടുംബം എറണാകുളത്തേക്ക് താമസം മാറ്റി.

 

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ മലയാളി താരവും ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ കളിച്ച ആദ്യ മലയാളി താരവുമാണ് ശ്രീശാന്ത്‌.

 

ഗോപു എന്നും ശ്രീ എന്നും വിളിക്കപ്പെടുന്ന ശ്രീശാന്ത് വലംകയ്യൻ ഫാസ്റ്റ് ബൗളറും വലംകയ്യൻ വാലറ്റ ബാറ്റ്സ്മാനുമാണ്. 2007ൽ വെസ്റ്റിൻഡീസിൽ ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. 2011 ലോകകപ്പിൽ ആദ്യം ടീമിൽ അവസരം ലഭിച്ചില്ലെങ്കിലും പേസ് ബൗളറായ പ്രവീൺ കുമാറിന്റെ പരിക്കിനെത്തുടർന്ന് ശ്രീശാന്തിനെയും ടീമിലെടുത്തു. ഫൈനൽ ഉൾപ്പെടെ പലകളികളിലും ശ്രീശാന്ത് കളിക്കുകയും ചെയ്തു.

 

2007 സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ട്വൻറി20 ലോകകപ്പിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സെമീ ഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ശ്രീശാന്ത് ഫൈനലിൽ ബൗളിംഗിൽ നിറം മങ്ങിയെങ്കിലും ഇന്ത്യയുടെ വിജയം പൂർത്തിയാക്കിയതുൾപ്പെടെ രണ്ടു ക്യാച്ചുകളെടുത്തു.

Kerala Tourism parappur thrissur
keralatourism.org

Site Meter